Movies
അഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസറാകാൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബിഗ് ബി അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി 18-ന്റെ പുതിയ എപ്പിസോഡിൽ മത്സരാർഥിയായ പ്രഗതി കൽപേക്കറുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഓർമകൾ പങ്കുവച്ചത്.
ഐഎഫ്എസ് ഓഫീസറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മത്സരാർഥി പറഞ്ഞപ്പോഴാണ് ബിഗ് ബി തന്റെ മനസിലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐഎഫ്എസ് നല്ല മേഖലയാണെന്നും എന്നാൽ അന്നു തനിക്ക് അതിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കോളജ് കാലത്തെയും പരീക്ഷാത്തോൽവിയെയും കുറിച്ചുള്ള രസകരമായ അനുഭവവും ബച്ചൻ പങ്കുവച്ചു. ബിരുദം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പിതാവ് ഹരിവംശറായ് ബച്ചൻ എപ്പോഴും പറയുമായിരുന്നു. സയൻസ് വിഷയമെടുത്ത തനിക്ക് ആദ്യത്തെ ലക്ചറിൽ തന്നെ വിഷയം മാറാൻ തോന്നിയെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു.
Movies
ലോകേഷ് കനകരാജ് നായക വേഷത്തിലെത്തിയ അരുൺ മാതേശ്വരൻ ചിത്രം ‘ഡിസി’ അൻപത് കോടി ക്ലബ്ബിൽ.
സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് കലക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. നാല് ദിവസം കൊണ്ടുള്ള സിനിമയുടെ ആഗോള കലക്ഷനാണിത്. 25 കോടിയായിരുന്നു സിനിമയുടെ ബജറ്റ്.
വാമിഖ ഗബ്ബി നായികയായെത്തിയ സിനിമയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് കൈയടി നേടുന്ന മറ്റൊരു ഘടകം.
‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലെർ’ എന്നീ സിനിമകൾക്കുശേഷം അരുൺ സംവിധാനം ചെയ്ത ‘ഡിസി’ ഗ്യാംഗ്സ്റ്റർ എന്റർടെയ്നറാണ്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ എത്തിയിരിക്കുന്നത്.
വലയൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
തലൈവാസൽ വിജയ്, അവിനാശ് രഘുദേവൻ, ശ്രീകൃഷ്ണ ദയാൽ, ജവഹർ ശക്തി, പ്രണവ് തിയോഫിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മാസ്റ്റർ’, ‘കാട്ടാളൻ’, ‘ജനനായകൻ’ തുടങ്ങിയ സിനിമകളിൽ അതിഥി വേഷത്തിലെത്തിയ ലോകേഷ് ആദ്യമായി മുഴുനീള വേഷത്തിലെത്തിയ സിനിമയാണ് ‘ഡിസി’. നേരത്തെ വിജയ് ദേവരകൊണ്ടയെ അടക്കം നായകവേഷത്തിലേക്ക് പരിഗണിച്ച സിനിമയിൽ അവസാന നിമിഷമാണ് ലോകേഷ് എത്തുന്നത്.
Movies
ചെന്നൈയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീൻ. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ പിന്നണി ഗായകനായ അമീന് പരിക്കേറ്റിരുന്നു.
ഇതിനുപിന്നാലെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അമീൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
താനല്ല വാഹനം ഓടിച്ചതെന്ന് അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിലെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവകൃപയാൽ അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ചതിന് സർവശക്തന് നന്ദി പറയുന്നു,' അമീൻ കുറിച്ചു. പ്രാർഥനകളുമായി എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അമീൻ നന്ദി അറിയിച്ചു.
മറ്റൊരു വാഹനം സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഖദീജ റഹ്മാൻ വ്യക്തമാക്കി. സുഹൃത്ത് ഓടിച്ചിരുന്ന കാറിലെ പാസഞ്ചർ സീറ്റിലാണ് അമീൻ ഉണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം റെഡ് സിഗ്നൽ മറികടന്ന് മുന്നോട്ട് എടുത്തതാണ് ചെറിയ കൂട്ടിയിടിക്ക് കാരണമായത്. ദൈവാനുഗ്രഹത്താൽ അമീനും സുഹൃത്തും എതിർവാഹനത്തിലുണ്ടായിരുന്ന ആളും സുരക്ഷിതരാണ്, ഖദീജ കുറിച്ചു. അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷം മാത്രം വാർത്തകൾ നൽകണമെന്നും ഖദീജ അഭ്യർഥിച്ചു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ ഗിണ്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അമീൻ സഞ്ചരിച്ചിരുന്ന എസ്യുവിയും ടാക്സി ഹാച്ച്ബാക്ക് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Movies
വന്യമൃഗങ്ങളുടെ ആക്രമണം മൂലം നിരവധി കര്‍ഷകരുടെ ജീവന് പൊലിഞ്ഞു വീണ നാട്ടില്‍ ആ കര്‍ഷകരുടെ ദയനീയതയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളുടെ നേര് ചിത്രവും വരച്ചു കാട്ടുന്ന ചലച്ചിത്രം പുറത്തിറങ്ങുന്നു.
'വനങ്ങളെ സംരക്ഷിക്കണം ...വന്യമൃഗങ്ങളെയും സംരക്ഷിക്കണം... എന്നാല്‍ അതിനേക്കാള്‍ മുകളില്‍ ഒരു ഉത്തരവാദിത്വമുണ്ട് .അതാണ് ജനങ്ങള്‍'. ലര്‍ക്ക് ചിത്രത്തിലെ ആദ്യ വാക്കുകളിലൊന്നാണിത്. ഇത് കേരളത്തിലെ മലയോരജനത ഒന്നടങ്കം ആവശ്യപ്പെടുന്ന കാര്യവുമാണിത്.
വ്യാവസായിക ലാഭമല്ല മറിച്ച് കേരളത്തിലെ സാധാരണ ജനങ്ങള്‍, പ്രത്യേകിച്ച് മലയോര ജില്ലകളായ വയനാട്ടിലേയും ഇടുക്കിയേലും ഉള്‍പ്പെടെയുള്ള കര്‍ഷക സമൂഹം വന്യജീവികളില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളാണ് ഈ ചലച്ചിത്രം തുറന്നു കാട്ടുന്നത്.
ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്ന കാഴ്ച്ച നേരില്‍ കാണേണ്ടി വന്ന ഭര്‍ത്താവിന്റെ അവസ്ഥ പത്രവാര്‍ത്തകളിലൂടെ കണ്ട സംവിധായകന് എം.എ നിഷാദാണ് ഇത്തരത്തിലൊരു ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്റ യതാര്‍ഥ ശത്രു ആരാണെന്നു വരച്ചുകാട്ടാനാണ് ഈ സിനിമയെന്നാണ് ഇവരുടെ പക്ഷം.
ദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പുറത്തുവന്ന വന്യജീവി ആക്രമണങ്ങളുടെ വാര്‍ത്തകള്‍ ഇത്തരത്തിലൊരു ചലച്ചിത്ര കഥയെഴുതാന്‍ തന്നെ സ്വാധീനിച്ചതായും നിഷാദ് പറഞ്ഞു.
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ട ജനങ്ങളെ നേരില്‍ കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ മനസിലാക്കിയ ശേഷമാണ് തിരക്കഥ തയാറാക്കിയത്.
ഒരുവര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് ചലച്ചിത്രത്തിനായുള്ള തിരക്കഥയെഴുതിയത്. ഇത് യതാര്‍ഥ ജീവിതകഥയാണ് വരച്ചുകാട്ടുന്നതെന്നും അധികാരികള്‍ക്ക് മുമ്പില്‍ കര്‍ഷകരുടെ അവസ്ഥ നേരില്‍ കാട്ടാനായാണ് താന്‍ ജനകീയമായ ഈ വിഷയത്തെ ഏറ്റെടുത്തതെന്നു നിഷാദ് വ്യക്തമാക്കി.
മനുഷ്യവാസ മേഖലകകളിലേയ്ക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്ന സാഹചര്യം കൂടുന്നു. വനാതിര്‍ത്തിയില്‍ മാത്രമല്ല പട്ടണ പ്രദേശങ്ങളിലേക്ക് വരെ ഈ മൃഗങ്ങള്‍ കടന്നെത്തുന്നു. അധികാരികള്‍ പറയുന്നതിനും അപ്പുറമാണ് ഈ വിഷയത്തിലെ സ്ഥിതിഗതികള്‍.
മനുഷ്യവാസമേഖലകളിലേക്ക് ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ കടന്നുവരുമ്പോള്‍ മനുഷ്യന്റെ വാസകേന്ദ്രത്തിനു പോലും ഭീഷണിയായി മാറുന്നു. അധികാരികള്‍ കണ്ണു തുറന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണെമെന്ന സൂചനയാണ് ചിത്രത്തിലൂടെ നല്‍കുന്നത്.
ഈ ചിത്രം റിലീസിംഗിനു മുന്നേ തന്നെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി. 10 ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഈ മാസം 24 നാണ് സിനിമ തീയറ്ററുകളില്‍ എത്തുന്നത്.ആര് ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ എം.എ നിഷാദാണ് എഴുതിയത്.
ഒപ്പം സിനിമയിലെ ഒരു കഥാപാത്രമായും നിഷാദ് രംഗത്തു വരുന്നു. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ടി.ജി രവി, അനുമോള്‍, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇടുക്കിയിലും വയനാട്ടിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
Movies
അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോനുമായുള്ള തർക്കങ്ങൾ പരസ്യമായി തുടരുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി മാലാ പാർവതി.
ശ്വേതാ മേനോന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ മകന്റെ പഴയ കേസിനെ ഓർമിപ്പിച്ചുകൊണ്ടും ശ്വേതയെ പിന്തുണച്ചുകൊണ്ടും വന്ന കമന്റുകൾക്കാണ് മാലാ പാർവതി വിശദീകരണം നൽകിയത്.
മകൻ ഒരു ട്രാൻസ്ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അവരെ കല്യാണം കഴിച്ചുകൊടുത്തോ എന്നും പരിഹസിച്ചെത്തിയ വ്യക്തിയ്ക്കാണ് അവർ കാര്യങ്ങൾ വിശദ്ദീകരിച്ച് നൽകിയത്.
‘‘അവരുടെ കല്യാണം കഴിഞ്ഞു. അവര്‍ കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കോംപ്രമൈസ് ഡീലുകൾ സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരെയും അനുഭവിക്കണം.
ഇപ്പോൾ ഈ കമന്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്റെ പേരിൽ, ആറ് വർഷമായി, ഒരു പൊതു ഇടത്തും എന്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ, മകന്റെ പേര് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും’’ എന്ന് മാലാ പാർവതി മറുപടി നൽകി.
Movies
തനിക്കെതിരെ പിആർ വർക്ക് നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ മലയാളത്തിലെ ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയുമാണെന്ന ജോജു ജോർജിന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
വരവ് എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെ ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം.
ഇപ്പോഴിതാ ഈ വിഷയത്തിൽ വ്ലോഗറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ജോജു ലക്ഷ്യം വച്ച താരദമ്പതികൾ ആരെന്ന് സൂചന നല്‍കുന്നൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ലക്ഷ്മി പങ്കുവച്ചത്.
‘‘ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ.’’ ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു സ്റ്റോറി.
Movies
നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിസ്മയ പ്രതികരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്ന രീതിയാണുള്ളതെന്ന് വിസ്മയ വിമർശിച്ചു.
‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല.
അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ കുറിച്ചു.
Movies
ഇൻസ്റ്റഗ്രാമിൽ ലോകകപ്പ് ആവേശത്തിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉയർന്ന മോശം കമന്റുകൾക്ക് മറുപടിയുമായി അന്ന രാജൻ. മുഖത്തടിച്ച ഭാഷയിൽ രൂക്ഷമായ മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ റീൽ വിഡിയോയില്‍ നെഗറ്റിവ് കമന്റ് ചെയ്തവർക്കെതിരെയാണ് നടിയുടെ പ്രതികരണം.
ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും. അന്ന രാജൻ കുറിച്ചു.
Movies
മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. ഇരുവർക്കുമിടയിലെ ഊഷ്മളമായ സൗഹൃദം വിളിച്ചോതുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവച്ചത്.
തന്റെ ഫോണിന്റെ ഗ്യാലറിയിൽ ഏറെ നാളായി അതീവ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക്...എന്ന് പിഷാരടി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കം. ഉടൻ തന്നെ കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി, രമേശ് പിഷാരടിയുടെ കവിളിൽ സ്നേഹത്തോടെ ചുംബിക്കുകയായിരുന്നു.
"ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു' എന്ന രസകരമായ കുറിപ്പോടെയാണ് പിഷാരടി ഈ സുന്ദര നിമിഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
Movies
അമേരിക്കയിൽ വെച്ച് ഫഹദ് ഫാസിലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് മോഹൻലാൽ. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസും ധരിച്ച് തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ഫഹദും മോഹൻലാലും പ്രത്യക്ഷപ്പെടുന്നത്.
യുഎസ്എയിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന – ഇംഗ്ലണ്ട് മത്സരം കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഫഹദും എത്തിയിരുന്നു. ഈ മത്സരത്തിനിടയിൽ പകർത്തിയ ചിത്രമാണ് മോഹൻലാൽ തന്റെ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
‘ഹാറ്റ്സ് ഓഫ് ടു ഗുഡ് കമ്പനി’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു മോഹൻലാൽ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് രസകരമായ കമന്റുമായി ഫഹദും കമന്റ് ബോക്സിലെത്തിയപ്പോൾ ആരാധകർ ആവേശത്തിലായി. ‘വെൻ എടാ മോനെ മീറ്റ്സ് എന്താ മോനെ’ എന്നായിരുന്നു ഫഹദിന്റെ കമന്റ്. ആവേശത്തിലെ രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് ആരാധകർ കൈയടികളോടെ ഏറ്റെടുത്തു.
Movies
താരസംഘടനയായ അമ്മയിലെ അധികാരത്തര്ക്കങ്ങള്ക്കിടെ ശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
അമ്മയുടെ നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സന്ദേശം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് അനുഭവക്കുറവുമൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Movies
ജോജു ജോർജ് നായകനായെത്തിയ വരവ് സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറയുന്നവർക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്. എന്റെ മേക്കിംഗിൽ കുത്തിക്കയറണ്ടെന്നും നിങ്ങൾ ജനിക്കുന്നതിന് മുൻപേ സിനിമയെടുത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മകൻ റുഷിന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അശ്വന്ത് കോക്ക്, ഉണ്ണി വ്ലോഗ്സ് എന്നിവരുടെ റിവ്യൂവിന് ആണ് സംവിധായകന്റെ മറുപടി.
ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായിട്ടുണ്ടെന്നും മെയ്ൻ ആർട്ടിസ്റ്റിനെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കുമെന്നും ഷാജി കൈലാസ് പറയുന്നു. "പറയട്ട് മക്കളേ.. ഇത്രയും നെഗറ്റീവ് വരാന്‍ അത്രയും ഭയങ്കര പടമാണോ ഇത്. നമ്മള് സിനിമ ഉണ്ടാക്കി. കുറേ ആള്‍ക്കാര്‍ക്ക് ഇഷ്ടമായില്ല.
അതിങ്ങനെ വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാണ്. അപ്പോള്‍ അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് എന്നെ നേരിട്ട് വിളിച്ച് പറഞ്ഞൂടെ. ഈ സിനിമ ഇങ്ങനെയാണ്. അതിനി മാറ്റാന്‍ പറ്റില്ലല്ലോ. നെഗറ്റീവ് പറയുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്നോടൊപ്പമോ എഴുത്തുകാര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഒന്നിച്ചോ ഇരുന്ന് സംസാരിക്കാം. പഴയ പോലെ ഫ്ലാറ്റ് ആയിട്ട് കഥ പറയാന്‍ എനിക്ക് താല്പര്യമില്ല.
അതുകൊണ്ടാണ് പുതിയ ട്രീറ്റ്മെന്റുകള്‍ വരുന്നത്. അത് കുറേ ആളുകള്‍ക്ക് ഇഷ്ടമാവില്ല. ഒരു വൈല്‍ഡ് സിനിമയല്ല ഞങ്ങള്‍ എടുത്തിട്ടുള്ളത്. സാധാരണക്കാരന്റെ കുടുംബ കഥ പറഞ്ഞതാണ്. അതിനകത്ത് റിവഞ്ച് കാര്യങ്ങളൊക്കെ വച്ച് ചെയ്തു. അത് 90s പടമാണ്. ഒരാള്‍ പറഞ്ഞത് വൃദ്ധ ഷോട്ടാണെന്നാണ്. ഒരു ക്ലോസപ്പ് വയ്ക്കുന്നത് വൃദ്ധ ഷോട്ടാവുമോ? എന്റെ മേക്കിങ്ങില്‍ അവരെന്നോട് കുത്തിക്കയറണ്ട.
ഞാന്‍ എന്റെ സ്റ്റൈലില്‍ പോട്ട്. ഞാന്‍ അപ്ഡേറ്റഡ് ആയിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. ഞാന്‍ എന്നെ ആസ്വദിക്കുന്നത് ചില ഷോട്ടുകളിലാണ്. വീട്ടില്‍ ഇരുന്ന് ആസ്വദിച്ചാല്‍ പോരെന്ന് ചോദിക്കും. അത് കച്ചവട സാധ്യതയ്ക്ക് വേണ്ടിയാണ്. ഭയങ്കര ക്രൂഡായിട്ട് സിനിമ ചെയ്യാന്‍ എനിക്കറിയില്ല. ഡാര്‍ക്ക് ഫിലിം താല്പര്യം ഇല്ല. ഒരു എന്റര്‍ടെയ്നറാണ് ഞാന്‍ ഉദ്ദേശിച്ചത്. ചിലത് പാളിപ്പോകും, ചിലത് നന്നാവും. 'വരവ്' പാളിയെന്ന് ചിലര്‍. മറ്റുചിലര്‍ ഗംഭീരമെന്ന്.
എന്ത് ചെയ്യാന്‍ പറ്റും. ഒരു ഹോട്ടലില്‍ കയറുമ്പോള്‍ ചിലര്‍ ആ ടേസ്റ്റോടെ കഴിക്കും. ചിലര്‍ അത് കുറഞ്ഞു ഇത് കുറഞ്ഞു എന്നൊക്കെ പറയും. അതങ്ങ് വിട്ട് കൊടുക്കണം. കുറേ ആള്ക്കാര് നല്ലതും കുറേ ആള്ക്കാര് ചീത്തയും പറയും. അതെല്ലാം ബാധിക്കുന്നത് എന്നെയാണ്. പുതിയൊരു പടം ചെയ്യുമ്പോള്‍ അത് മാറ്റിയെടുക്കും എന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ പറഞ്ഞ രീതിയില്‍ മാറ്റി എടുക്കുമ്പോള്‍ എന്റെ കൂടെ നില്‍ക്കണം.
നിങ്ങളെന്തിന് അത് മാറ്റിയതെന്ന് ചോദിച്ച് കൊണ്ട് ആരും വരരുത്. നിനക്ക് നിന്റെ അഭിപ്രായം പറയാം. അത് മറ്റുള്ളവരിലേക്ക് അടിച്ച് ഏല്‍പ്പിക്കരുത്.എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരാളാണ് അശ്വന്ത് കോക്ക്. ഗംഭീരമായിട്ട് വിമര്‍ശിക്കും. പുള്ളിക്ക് വരവ് വര്‍ക്കായില്ല. ജോജുവിന്റെ കണ്ണിനെ കുറിച്ച് പറയുന്നുണ്ട്. അയാളുടെ അച്ഛന്റെ പേര് ചെമ്പ് കണ്ണന് കോര എന്നാണ്. അത് അവര്‍ ഫോളോ ചെയ്തിട്ടില്ല.
അതാണ് കുഴപ്പം. ഇവരെല്ലാം ഒന്നിച്ച് വന്നാല്‍ നമുക്ക് സംസാരിക്കാം. ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്‍ അപ്പുറത്ത് 100 പേര്‍ക്ക് ഇഷ്ടപ്പെടും. ഏറ്റവും കൂടുതല്‍ ചീത്ത കേട്ടിട്ടുള്ള ആളാണ് ഞാന്‍. അതൊന്നും എനിക്ക് പ്രശ്നമേ അല്ല. അവര്‍ക്ക് വലിച്ച് കീറാനും ചീത്ത പറയാനും അധികാരം ഉണ്ട്. അവകാശം ഉണ്ട്. പണം മുടക്കിയ കുറച്ച് ആള്‍ക്കാരുണ്ട്. പണം മുടക്കിയവരെ ഒന്നും ഇതൊന്നും ബാധിക്കരുതെന്നാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ട് നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ.
ആള്‍ക്കാര്‍ക്ക് സിനിമയെ വിട്ടുകൊടുക്കൂ. ഒരാഴ്ച ആളുകള്‍ കാണട്ടെ. ഇത് തിയറ്ററില്‍ ഇറങ്ങിയ ഉടനെ റിവ്യൂ പറയുകയാണ്. കുറേ ആൾക്കാർ വരട്ടെ. കണ്ടിട്ട് പോകട്ടെ. എനിക്ക് ടിവി സീരിയൽ പോലെ ഒന്നും പടം എടുക്കാൻ അറിയില്ല. കുറച്ച് ഗുമ്മൊക്കെ വേണം. ചെറിയൊരു പാളിച്ച വന്നാൽ നിശിതമായി വിമർശിക്കുകയാണ്. ടെക്നീഷ്യൻമാരെ ഒന്നും പറയരുത്. 90's പടങ്ങൾ ഞാൻ നിർത്തി.
അസാധ്യമായ സിനിമകൾ വരും. ഇനി വരാൻ പോകുന്നതൊക്കെ ഇടിവെട്ട് ആയിരിക്കും. അതി ഗംഭീരമായൊരു തിരക്കഥയ്ക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ടിവി സീരിയൽ പോലെ എടുത്ത പടങ്ങളൊക്കെ വൻ ഹിറ്റായി. മെയ്ൻ ആർട്ടിസ്റ്റ് ഉള്ളത് കൊണ്ട് മാത്രം ഓടുന്ന സിനിമകളുണ്ട്. അവരെ മാറ്റി നിർത്തിയാൽ ആ പടം വൻ ഫ്ലോപ്പ് ആയിരിക്കും.
ഷാജി കൈലാസിറെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ ഞാൻ എവിടേയും പോയിട്ടില്ല. നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. ഷാജി കൈലാസ് ബ്രാന്റ് ഒന്നും ഇല്ല". - ഷാജി കൈലാസ് പറഞ്ഞു.
Movies
അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം.
ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ. എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.
പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവു മെഴുതുന്നു. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.
സഹ നിർമാണം-ബോണി അസനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ-ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ-ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്-ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജെ. വിനയൻ, പ്രോജക്ട് കോ-ഓർഡിനേഷൻ-ഹരീഷ് എ.വി., ടെക്നിക്കൽ സപ്പോർട്ട്-സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ-സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ-ഹരി നാരായണൻ, സൗണ്ട് മിക്സിംഗ്-അജിത് എ. ജോർജ്, സ്റ്റുഡിയോ-ഹൈ സ്റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്-ബി.സി. ക്രിയേറ്റീവ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-ജസ്റ്റിൻ ജയിംസ്, പബ്ലിസിറ്റി ഡിസൈൻ-റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്, വിതരണം-ഫസ്റ്റ് ക്ലാസ് ഫിലിംസ് ത്രൂ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്, പി. ശിവപ്രസാദ്.
Movies
കാൻസർ എന്ന മാരക രോഗത്തോടും അതിനൊപ്പം സോഷ്യൽ മീഡിയയിലെ ക്രൂരമായ വ്യാജ പ്രചാരണങ്ങളോടും ഒരേസമയം പോരാടുകയാണ് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം ഗുരുതരാവസ്ഥയിലായ രേണു ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ കഠിനമായ ഘട്ടത്തിലും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണുവും സഹോദരിയും.
രേണുവിന് കാൻസർ ഇല്ലെന്നും, ചികിത്സാ ബില്ലുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരി ശക്തമായി പ്രതികരിച്ചു. നിലവിൽ തങ്ങളുടെ ഏക വരുമാന മാർഗ്ഗമായ യൂട്യൂബ് ചാനലിനെ തകർക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമങ്ങളുടെ സത്യാവസ്ഥ ഇരുവരും ചേർന്ന് വ്യക്തമാക്കി.
''രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കുട്ടിക്കാലം തൊട്ടേ എന്റെയോ മറ്റുള്ളവരുടെയോ ശരീരത്തിൽ ഒരു മാരക രോഗവും വരാതിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു.
എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് ഈ അസുഖം വന്നതെന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ഞാൻ ദൈവത്തോട് ചോദിച്ചു. നാളെ മറ്റുള്ളവരുടെ മുന്നിൽ ദൈവകൃപ സാക്ഷ്യപ്പെടുത്താൻ വേണ്ടിയാകാം ഇതെന്നാണ് എന്റെ മനസ് ഇപ്പോൾ എന്നോട് പറയുന്നത്.
എന്റെ അഭാവത്തിൽ മകൻ ഒറ്റപ്പെട്ടുപോകുമോ എന്നൊരു വിഷമം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ ചേച്ചിയുടെ മക്കൾ അവനെ സ്വന്തം സഹോദരനെപ്പോലെയാണ് നോക്കുന്നത്. ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതുപോലെ അവർ അവനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. മനസിന് അധികം വിഷമം ഉണ്ടാക്കരുതെന്നും ഫോൺ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ എന്നോട് കർശനമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഫോൺ ഉപയോഗിക്കാറില്ല.
എന്നാൽ ഈ യൂട്യൂബ് ചാനൽ മാത്രമാണ് എന്റെ ഏക വരുമാനമാർഗ്ഗം; എനിക്ക് ജീവിക്കാൻ വേറെ വഴികളില്ല. എന്നെ സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും പിന്തുണയ്ക്കുകയും വേണം. ദയവായി എന്റെ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി എന്നെ അവഹേളിക്കരുത്. എന്നെപ്പോലെ കാൻസർ ബാധിച്ച് പ്രയാസമനുഭവിക്കുന്ന ഒട്ടനവധി രോഗികളുണ്ട്. ആ വേദന അത് അനുഭവിക്കുന്നവർക്കോ അവരുടെ കുടുംബത്തിനോ മാത്രമേ മനസ്സിലാകൂ. അവരോട് അല്പമെങ്കിലും കരുണ കാണിക്കുക.’’ രേണു സുധി പറഞ്ഞു.
‘‘രണ്ടാമത്തെ കീമോയ്ക്ക് ശേഷമുള്ള അസ്വസ്ഥതകൾ കാരണമാണ് രേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനിടയിലും രേണുവിന് കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല.
ചില വ്ലോഗർമാർ കാൻസർ രോഗികളുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് രേണുവിനെ വിമർശിക്കുന്നുണ്ട്. എന്നാൽ ഈ രോഗം ബാധിച്ച് അതിന്റെ വേദന അനുഭവിച്ചറിഞ്ഞ ഒരു കാൻസർ രോഗിയും മറ്റൊരു രോഗിയെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കില്ല. ആ വോയിസ് ക്ലിപ്പുകൾ കെട്ടിച്ചമച്ചതാണെന്നു തോന്നുന്നു.
മുൻപ് രേണു എന്തിനാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നത് എന്ന് വിമർശിച്ചതുകൊണ്ടാണ് അവൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്. ഇത് സാധാരണ പെയിൻ കില്ലറല്ല, അവളുടെ ജീവൻ നിലനിർത്താനുള്ള ലൈഫ് സേവിംഗ് മെഡിസിനാണ്.
ആറ് കീമോ കഴിഞ്ഞാലും ചിലപ്പോൾ ഈ മരുന്ന് വീണ്ടും ആവശ്യമായി വരും. അതിന് ഭീമമായ തുക വേണം. അതിനാണ് അവൾ ഈ ചാനലുമായി മുന്നോട്ട് പോകുന്നത്. ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി അവളെ ഇനിയും ദ്രോഹിക്കാതിരിക്കുക. അവളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്. ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വീഡിയോകൾ ചെയ്യരുത്.
ഞങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ ജീവനോടെ തിരിച്ചുവരണം. സഹായിച്ചില്ലെങ്കിലും അവളെ ക്രൂശിക്കുന്ന വിഡിയോകൾ ഇനിയും ചെയ്യാതിരിക്കുക. അവൾക്കായി പ്രാർഥിക്കുക എന്ന് മാത്രമേ ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളൂ." രേണുവിന്റെ സഹോദരി പറഞ്ഞു
Movies
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരിൽ ആരംഭിച്ചു. ഇന്ന് നടന്ന പൂജ ചടങ്ങിൽ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേർന്ന് വിളക്ക് കൊളുത്തി. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ച് ഓൺ നിർവഹിച്ചു. ആസിഫ് അലിയുടെ മക്കള്‍ ആദവും ഹയയും ചേർന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ആളും അർത്ഥവും മനോബലവുംകൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ് ശ്രുതി രാമചന്ദ്രൻ, അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ - സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ-ബോബി സഞ്ജയ്. ഗോവിന്ദ് വസന്തയുടേതാണു സംഗീതം -ഛായാഗ്രഹണം - ബിനേന്ദ്ര മേനോൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്. കലാസംവിധാനം - അജയൻ മങ്ങാട്. കോസ്റ്റ്യം ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ്.
ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ആമിര്‍ ഖാന് ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ.
തന്റെ കുടുംബം എല്ലായ്പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.
'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.
ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല. അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' ആമിർ ഖാൻ പറഞ്ഞു.
റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.
ഈ മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Movies
അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതം പറഞ്ഞ് അധിക്ഷേപിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുത്തത്.
അമ്മ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്സല്‍ ക്യാമ്പുകളിലുംവച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്.
"ജിഹാദി' എന്നും "മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പോലീസ് പരാതി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു.
Movies
മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ രാപ്പകൽ. ടി.എ. റസാഖ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൃഷ്ണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. വീട്ടുജോലിക്കാരനായ മമ്മൂട്ടി ആ കുടുംബത്തിന്റെ താങ്ങും തണലുമാകുന്നതായിരുന്നു കഥയുടെ പ്ലോട്ട്. എന്നാസ് ഇപ്പോഴിതാ മമ്മൂട്ടിയുടെ കൃഷ്ണൻ എന്ന കഥാപാത്രത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ ഇറങ്ങിയിരിക്കുന്നു.
മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് സ്വകാര്യത നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ അത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളില്‍ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ എന്നാണ് വിക്കിയില്‍ ട്രോളന്മാര് വരുത്തിയ മാറ്റം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പൊതുമാലിന്യമാണെന്നും പുതിയ പ്ലോട്ടില്‍ പറയുന്നുണ്ട്. ചിത്രത്തിലെ നായകന് വിജയരാഘവന് ആണെന്നും മാറ്റം വരുത്തിയിട്ടുണ്ട്.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു.
ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’അന്ന രേഷ്മ രാജന്റെ വാക്കുകൾ.
Movies
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്‍പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സൊല്ലത്താന്‍ നിനൈക്കിറേന്‍ (1973), പരുവ കാലം (1974), അവള് ഒരു തുടര്‍ക്കഥൈ (1974), ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്‍വ രാഗങ്ങള്‍ (1975) ഉള്‍പ്പെടെ മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര്‍ കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര്‍ അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല്‍ പുറത്തിറങ്ങിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്‍ഗദര്‍ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര്‍ ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില്‍ മായാതെനില്ക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി മാറി ഈ ജന്മദിനം.
Movies
ചലച്ചിത്രാസ്വാദകർക്ക് ആവേശമായി പുത്തൻ ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഒടിടിയിൽ എത്തിയെങ്കിലും മലയാളികൾക്ക് പ്രിയങ്കരമായിമാറുകയാണ്, യുവതാരം ഷെയ്ന് നിഗമിന്റെ ബാള്‍ട്ടിയും ജയറാം-ഉര്‍വശി കോമ്പോ വീണ്ടുമൊന്നിക്കുന്ന തമിഴ് ചിത്രം പരിമള ആന്‍ഡ് കമ്പനിയും.
കബഡി ലഹരിയിൽ ബാള്‍ട്ടി
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കബഡി കളിയുടെ ആവേശം നിറഞ്ഞ സ്പോര്‍ട്സ്-ഡ്രാമയാണ് ബാള്‍ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന് നിഗമിനൊപ്പം തമിഴ് താരം ശന്തനുവും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകരായ അല്‍ഫോണ്‍സ് പുത്രന്, സെല്വരാഘവന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രീതി അസ്രാണിയാണ് നായിക. ഗ്രാമത്തിലെ പ്രശസ്തമായ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ നാല് സുഹൃത്തുക്കളുടെ കഥയാണിത്. എന്നാല്‍ ഗ്യാംഗ് പോരുകളും, പ്രണയവും, അപ്രതീക്ഷിതമായ ചതിയും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ആത്മമിത്രങ്ങളായ ഇവര്‍ എങ്ങനെ ശത്രുക്കളായി മാറുന്നു എന്നാണ് ചിത്രം പറയുന്നത്. സോണി ലിവ് പ്ലാറ്റ്ഫോമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.